GO UP

North Kerala Tour Packages

Pottan Theyyam

Pottan Theyyam

Pottan Theyyam

Pottan Theyyam : – ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യര്‍. പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍‌ നിര്‍‌മ്മിതം.എട്ടുകോട്ടകളിലും എഴുപത്തിരണ്ടു പുലയടിയാന്‍മാരുടെ സ്ഥാനങ്ങളിലും പൊട്ടന്‍തെയ്യത്തിന്റെ സന്നിദ്ധ്യം കണ്ടെന്നു പറയപ്പെടുന്നു. പുലയര്‍‍ക്കെന്നപോലെ മലയര്‍‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്. വീട്ടുവളപ്പില്‍ കന്നിരാശിയില്‍‍ അറപണിത്, പൊട്ടന്‍തെയ്യത്തെ കുടിയിരുത്തി, അവിടെ കോലം കെട്ടിയാടിവരുന്ന പതിവും ഉണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വയലുകളിലും താല്‍കാലിക പള്ളിയറ (ഓലകൊണ്ട്‍) ഉണ്ടാക്കി പൊട്ടന്‍‍തെയ്യത്തെ സങ്കല്പം ചെയ്‍ത് ആടിച്ചുവരുന്നുണ്ട്.
ബ്രാഹ്മണമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ അടിമയാണ്` അലങ്കാരന്‍. കാണരുതാത്തത് കാണുകയും കേള്ക്ക്രുതാത്തത് കേള്‍ക്കുകയും ചെയ്തകുറ്റത്തിന് അലങ്കാരന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടുകയും ചെവി മുറിച്ച്നീക്കപ്പെടുകയും ചെയ്തു. അറിവ് നേടിയതിനും കണ്ടതും കേട്ടതുമായ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞതിനും വരേണ്യ വര്‍ഗ്ഗം അലങ്കാരനു സമ്മാനിച്ച പരിഹാസനാമമാണ് ‘പൊട്ടന്‍‘. ത്രികാലജ്ജ്നാനിയായ പൊട്ടന്റെ മന്ത്രസിദ്ധികള്‍ അവനെ മാനായും നരിയായും രുപാന്തരം ചെയ്യിച്ചു. അലങ്കാരന്റെ സഹായിച്ച സുഹൃത്ത് കണാദന്‍ ആണും പെണ്ണും കെട്ടവനായി ജീവിക്കണം എന്നാണ് വരേണ്യ വര്ഗ്ഗം കല്പിച്ചത്. അലങ്കാരന്റെ സഹായിയും സഹചാരിയുമായ ഭാര്യ സുന്ദരിയും അടിസ്ഥാന വര്‍ഗ്ഗത്തെ ഉത്ബോധനം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നു. ‘ഞാളു കൊയ്യണ പുത്തരിയാണേങ്ങടെ മനയ്ക്കലെ ചോറൂണ്`ഞാളെ ചാളേല്‍ കദളിയാണേങ്ങടെ ദൈവത്തിന്‍ നൈവേദ്യം’ ഈ തിരിച്ചറിവ് ഓരോ അടിമയ്ക്കുമുണ്ടാവുന്നതും അവിടെ വച്ച് തൊഴിലാളികള്‍ സംഘടിതരാവാന്‍ ശ്രമിക്കുകയുമാണ്` ചെയ്യുന്നത്. തൊഴിലാളികളുടെ ഈ കൂട്ടായ്മയില്‍ കുപിതരായ തമ്പ്രാക്കന്മാര്‍ അലങ്കാരനെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നു. ആര്‍ത്തലച്ച് വെള്ളപ്പൊക്കം പോലെ വരുന്ന ശത്രുക്കളെ നേരിടാന്‍ കഴിവില്ലാത്തതിനാല്‍ തത്കാലം ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലതെന്ന് ഉപദേശിക്കുന്നത് ഭാര്യയായ സുന്ദരിയാണ്. അടിയാളന്റെ മാംഗല്യത്തീന് മണിയറയുടെ അവകാശം വാഴുന്നോര്‍ക്ക് എന്ന പ്രാചീനവും കിരാതവുമായ ആചാരത്തെയാണ് അലങ്കാരനും കൂട്ടരും എതിര്‍ക്കുന്നത് .മംഗലം നടക്കുന്നത് വാഴുന്നോര്‍ക്ക് ചിരുതയിലുണ്ടായ അടിയാളര്‍ പെണ്ണിന്റേതാണെങ്കിലും “ഞാന്‍ നട്ട വാഴവിത്തിന്റെ കുലവെട്ടാനും അവകാശം തനിക്ക് തന്നെയാണ്` എന്ന് വാഴുന്നോര്‍ ശഠിക്കുന്നു. അലങ്കാരനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ബ്രാഹ്മണര്‍ ഊഴം വെച്ച് വധുവിനെ പ്രാപിക്കുന്നതോടെ സുന്ദരി പ്രതികാര ദുര്‍ഗ്ഗയായി മാറുന്നുണ്ടെങ്കിലും വാഴുന്നോര്‍ക്ക് മരണം സമ്മാനിക്കുന്നത് കണാദനാണ്. അച്ഛന്റെ മരണത്തിനുത്തരവാദികളായ സുന്ദരിയേയും കണാദനെയും മകന്‍ തിരുമേനി മുതലക്കുളത്തിലേക്ക് വലിച്ചെറിയുന്നു. അലങ്കാരന്‍ അവിടെ പ്രത്യക്ഷപ്പെട്ട് സുന്ദരിയേയും കണാദനേയും രക്ഷപ്പെടുത്തുന്നു.
അവിടെവച്ച് ആര്യാംബ അന്തര്‍ജ്ജനത്തിന്റെ (ശ്രീശങ്കരന്റെ അമ്മ) മോനേ എന്ന വിളി അലങ്കാരന്റെ ചെവിയിലെത്തുന്നു.ബ്രാഹ്മണകുലത്തിലെ ആണ്കോയ്മയെ തൃണവല്ഗെണിച്ച് അമ്മയ്ക്ക് സ്ഥാനം കൊടുക്കുകയും അമ്മയ്ക്കായ് ക്ഷേത്രസമുച്ചയം നിര്‍മ്മിയ്ക്കാനൊരുങ്ങുകയും ചെയ്ത ശങ്കരാചാര്യരുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച് ആ കുടുംബത്തിന് ബ്രാഹ്മണകുലം ഭ്രഷ്ട് കല്പിച്ചിരുന്നു. അമ്മയുടെ ജഡം മറവുചെയ്യുന്നതിനും കൂടി സ്വജനങ്ങള്‍ സഹായിക്കാതിരുന്നപ്പോള്‍ അമ്മയെ ചിതയൊരുക്കി ദഹിപ്പിച്ചത് അലങ്കാരനാണ്.
ശങ്കരന്‍ ജ്ജ്നാനപീഠത്തിലേക്കുള്ള യാത്രാമദ്ധ്യേ അലങ്കാരനേയും കുടുംബത്തേയും കാണുകയുണ്ടായി. വഴിമാറി നടക്കാന്‍ ആവശ്യപ്പെട്ട ശങ്കരനോട്
‘ഇങ്ങെല്ലാം കാടല്ലോ, ഇങ്ങെല്ലാം മുള്ള്
എങ്ങനടിയന്‍ വഴിപിരിയേണ്ടൂ
ഒക്കത്ത് കുഞ്ഞീം തലയില്‍ കള്ളും
എങ്ങനടിയന്‍ വഴിപിരിയേണ്ടൂ‘ എന്ന് ചോദിക്കുന്നു.
ഈ തര്‍ക്കുത്തരത്തില്‍ കോപിതനായി ശങ്കരന്‍
“നിഭൃതന്മാരാം നിങ്ങള്
എത്രയും കുറഞ്ഞ ജാതിയിലേക്ക്
നീ തിരികെ പോ ചണ്ഡാളാ വേഗം” കയര്‍ക്കുന്നു

“നാങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോര
നീങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോര
അവിടേക്ക് നാങ്കളും നീങ്കളുമൊക്കും
പിന്നെന്തിനീ ചൊവ്വരേ പിശകുന്നു“ അലങ്കാരന്റൈ ഈ മറുപടി
ശങ്കരന്റെ ഉള്‍ക്കണ്ണ് തുറപ്പിക്കുന്നു.
ഈ ചണ്ഡാളനെ ഗുരുവായി സ്വീകരിച്ച ശങ്കരന്‍ “മനീഷപഞ്ചകം” എഴുതിയത് ഈ വാഗ്വാദം മൂലമുണ്ടായ ദര്‍ശനത്തില്‍ നിന്നാണത്രേ. പൊട്ടന്‍ കൈലാസനാഥന്റെ അവതാരമാണെന്നും പറയപ്പെടുന്നു.ശങ്കരാചാര്യർക്കു അദ്വൈതതത്വം പകർന്നു കൊടുക്കാൻ ശ്രീ പരമേശ്വരൻ കൈകൊണ്ട ചണ്ഡാലവേഷം
തച്ചുടയ്ക്കപ്പെട്ടെന്ന് നാം വിശ്വസിക്കുന്നുണ്ടെങ്കിലും ജാതീയത അതിന്റെ മൂര്‍ത്ത ഭാവത്തില്‍ തന്നെ സമൂഹത്തില്‍ നടമാടുന്നുണ്ട്. അര്‍ത്ഥവും അധികാരവും അലങ്കാരമാക്കിയവരുടെ ചിന്താഗതികള്‍ക്കനുസൃതമാണ് ലോകത്തിന്റെ നീതിയും നിയമവും. സ്വന്തം ചോരയില്‍ പിറന്ന മകളെ ബലാല്ക്കാരം ചെയ്യാനുറയ്ക്കുന്ന ബ്രാഹ്മണ്യ്യം തന്നെയാണ് നാടിന്റെ ശാപം. ഭാര്യയെ അമ്മേയെന്ന് സകല ബഹുമാനങ്ങളോടുകൂടി വിളിക്കുന്ന തീപ്പൊട്ടന്മാര്‍ പരിഷ്കൃത സമൂഹത്തിനും പൊട്ടന്മാര്‍ തന്നെയാണ്. അവരോ എണ്ണത്തില് വളരെ കുറവും. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ചോദനകള്‍ ഉള്‍ക്കൊള്ളാന്‍ തീപ്പൊട്ടന്‍ കൊളുത്തിയ നൈതികതയുടെ ഇത്തിരിവെട്ടം നമുക്ക ഹൃത്തടത്തില്‍ സൂക്ഷിച്ച് വെക്കാം. കാലത്തിനപ്പുറത്ത് നിന്ന് വിറയാര്‍ന്ന ആ ശബ്ദം നമ്മളോട് പറയും

To experience Pottan Theyyam, visit our upcoming Theyyam dates page

 

TRAVELKANNUR VENTURE SINCE 2006

(A Destination Management Company)

Travelkannur.com

9495074848 Whatsapp

Leave a Reply