Theyyam Travel Blog
Theyyam Travel Blog : ഇന്ന് തുലാം ഒന്ന്, ചെറുവത്തൂർ, തിമിരി, കൊട്ടുമ്പുറം വലിയ വളപ്പിൽ ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് തെയ്യം കെട്ടിയാടുന്ന ദിവസം. രാവിലെ 9 മണിക്ക് മുൻപേ തെയ്യം പുറപ്പെടുമെന്നു അറിയിച്ചതിനാൽ രാവിലെ തന്നെ വെങ്ങരയിൽ നിന്നും ബസ്സിൽ ചെറുവത്തൂർ ബസ്സ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. ഇന്ന് അവിടെ തെയ്യം നടക്കുന്ന കാര്യം ഓട്ടോ ഡ്രൈവർമാർ ആർക്കും അറിയില്ല, എന്നാലും പറഞ്ഞു കൊടുത്ത വഴിലൂടെ ഓട്ടോഡ്രൈവർ കാവിനടുത്ത് കൊണ്ട് വിട്ടു. റോഡിനരികെയായി ശാസ്താവിന്റെ (അയ്യപ്പന്റെ) ഒരു ക്ഷേത്രവും ക്ഷേത്ര മതിലിനു പുറത്തായി ചാമുണ്ഡേശ്വരിയുടെ (മടയിൽ ചാമുണ്ഡിയുടെ) ഒരു ഉപക്ഷേത്രവും ഉണ്ട്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കുറച്ചു അകലെയായി വലിയ വളപ്പിൽ ചാമുണ്ഡി ദേവസ്ഥാനം സ്ഥിതി ചെയ്യുന്നത്. ശാസ്താവിന്റെ ക്ഷേത്രത്തിന്റെ അരികിലൂടെ നടന്ന് കുന്നിൻ ചെരുവിലായി സ്ഥിതി ചെയ്യുന്ന കാവിൽ ഒമ്പതു മണിയോടെ എത്തിച്ചേർന്നു. വലിയ വളപ്പിൽ ചാമുണ്ഡി, കാലിച്ചാൻ തെയ്യം എന്നീ രണ്ടു തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുന്നത്. നമ്മൾ എത്തിയ സമയത്ത് പ്രധാന തെയ്യമായ വലിയ വളപ്പിൽ ചാമുണ്ഡി കെട്ടിയാടുന്ന കോലക്കാരനും അവരുടെ സഹായികളും കുറച്ചു ഫോട്ടോഗ്രാഫർമാരും ഒന്നോ രണ്ടോ നാട്ടുകാരും മാത്രമാണ് അവിടെയുണ്ടായിരുന്നത്. പുലയ സമുദായത്തിനാണ് ഇവിടെ തെയ്യം കെട്ടുവാൻ അവകാശം. കാവിനു അടുത്തായി ദേവസ്ഥാനം നോക്കിനടത്തുന്നവർക്കായി താമസിക്കാൻ ഒരു വീടും ഉണ്ട്. ഇവിടെയാണ് കഴിഞ്ഞ 25 വർഷത്തോളമായി ചാമുണ്ഡി അമ്മയുടെ കോലം കെട്ടുന്ന ശ്രീ ചെമ്മാടൻ അമ്പു താമസിക്കുന്നത്. ഒമ്പതു അര മണിയോട് കൂടി വലിയവളപ്പിൽ ചാമുണ്ഡി തെയ്യം പുറപ്പെട്ടു. തെയ്യം കാണാനായി കോലക്കാരന്റെ സഹായികളും വളരെ കുറച്ചു നാട്ടുകാരും പിന്നെ ഫോട്ടോ എടുക്കുവാനായി ഞങ്ങൾ കുറച്ചു ആൾക്കാരും മാത്രം.
കാർഷിക ദേവത കൂടിയായ വലിയവളപ്പിൽ ചാമുണ്ഡിയുടെ ഐതീഹ്യപ്രകാരം ഈ തെയ്യം തൊട്ടടുത്തുള്ള വയലിൽ വിത്ത് വിതച്ചതിനു ശേഷമാണ് തിമിരി പ്രദേശത്തു നാലിലാംകണ്ടം മുതൽ ഞാണംകൈ വരെയുള്ള വിശാലമായ നെൽവയലിൽ കർഷകർ രണ്ടാം വിളവിനുള്ള വിത്ത് ഇറക്കുക. വിത്ത് വിതക്കുന്നതിനായി തെയ്യം, വാദ്യ അകമ്പടിയോടെ വയലിലേക്ക് പോകുന്നതാണ് പ്രധാന ചടങ്ങ്. അതിനു ശേഷം തെയ്യം നാട്ടു വഴികളിലൂടെ ചുറ്റുപാടുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങും. ഒരു പക്ഷെ പണ്ട് കാലങ്ങളിൽ തിമിരി ഭാഗങ്ങളിൽ രണ്ടാം വിളവിനു വിത്ത് ഇടുവാൻ ഈ ചടങ്ങു ഒരു പ്രേരണയായിട്ടുണ്ടാകാം. രണ്ടാമത്തെ തെയ്യമായ കാലിച്ചാൻ തെയ്യം പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞാണ് പുറപ്പെട്ടത്. കൃഷിയുടെ അഭിവൃദ്ദിക്കും കന്നുകാലികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് കാലിച്ചാൻ തെയ്യം കെട്ടിയാടുന്നത്. വലിയ വളപ്പിൽ ചാമുണ്ഡി തെയ്യത്തെ പോലെ കാലിച്ചാൻ തെയ്യവും പുറപ്പാടിനു ശേഷം തിമിരി ഭാഗത്തുള്ള വീടുകളിലേക്ക് അനുഗ്രഹം നല്കാൻ പോകും. താഴേക്കാട്ട് മനയുടെ കീഴിലായിരുന്നു പണ്ട് തിമിരി പ്രദേശം എന്ന് പറയപ്പെടുന്നു. തെയ്യം എന്ന ആരാധനാ രീതി വടക്കൻ കേരളത്തിൽ എല്ലായിടത്തും ഉണ്ടെങ്കിലും, തെയ്യങ്ങളോട് അനുബന്ധിച്ചുള്ള ആചാരങ്ങളും ഐതീഹ്യങ്ങളും ഓരോ ഗ്രാമങ്ങളിലും വ്യത്യസ്തമാണ്.
ഉത്തര മലബാറിൽ പത്താമുദയത്തോടെയാണ് തെയ്യക്കാലം ആരംഭിക്കുന്നതെങ്കിലും പയ്യന്നൂർ തെക്കെ മമ്പലത്തെ തെക്കടവൻ തറവാട്ടിലും ചെറുവത്തൂർ വലിയ വളപ്പിൽ ചാമുണ്ഡേശ്വരി ദേവസ്ഥാനത്തും തുലാം ഒന്നിന് കളിയാട്ടം നടക്കുന്നു.
ഇതേ ദേവസ്ഥാനത്ത് മേടം 15 മുതൽ 17 വരെ കളിയാട്ടം നടക്കുന്നു.
How to reach this temple : Kasaragod district – Cheruvathur – Thimiri – Valiya Valappil Chamundi Devasthanam.
Santhosh Vengara theyyamritual.com – 0091 9495074848
http://www.travelkannur.com Initiative
Back to http://www.northkeralatourpackages.com